നാദാപുരം: [nadapuram.truevisionnews.com] സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻനിര നേതാക്കളായ എം.പി.കൃഷ്ണന്റെയും കുനിച്ചോത്ത് നാണുവിന്റെയും ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കല്ലാച്ചിയിൽ അനുസ്മരണ സമ്മേളനം നടത്തി.
സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എംഎൽഎയുമായ ഇ.കെ.വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലത്തിലും കോഴിക്കോട് ജില്ലയിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളായിരുന്നു എം.പി.കൃഷ്ണനും കുനിച്ചോത്ത് നാണുവും എന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട കാലഘട്ടങ്ങളിൽ വ്യക്തിപരമായ ജീവിത ബുദ്ധിമുട്ടുകൾ അവഗണിച്ച് ത്യാഗപൂർണമായി പ്രവർത്തിച്ച പോരാളികളായിരുന്നുവെന്നും ഇ.കെ.വിജയൻ പറഞ്ഞു.
സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച എം.പി.കൃഷ്ണനും, സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗൺസിൽ അംഗം, കർഷകത്തൊഴിലാളി യൂണിയൻ നേതാവ് എന്നീ ചുമതലകൾ വഹിച്ച കുനിച്ചോത്ത് നാണുവും പാർട്ടിക്ക് നൽകിയ സംഭാവനകൾ സ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി അംഗം ഷീമ വള്ളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
E.K. Vijayan, Memorial, Nadapuram


































