നാദാപുരം: (nadapuram.truevisionnews.com) ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത അതിഥി തൊഴിലാളികളെ ഭക്ഷണശാലകളിൽ ജോലിക്ക് വെക്കരുതെന്ന് നിർദ്ദേശിച്ച് നാദാപുരം പഞ്ചായത്ത്. ഇത് സംബന്ധിച്ച് പഞ്ചായത്തിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അതിഥി തൊഴിലാളികളെ ഭക്ഷണ ഉത്പാദനത്തിനും വിതരണത്തിനും നിയോഗിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ, ചില സ്ഥാപന ഉടമകൾ മതിയായ സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ഇത് ഭക്ഷ്യസുരക്ഷ, കേരള പൊതുജനാരോഗ്യം, പഞ്ചായത്ത് രാജ് നിയമങ്ങളുടെ ലംഘനമാണ്.
ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികളുള്ള സ്ഥാപനങ്ങൾ 18-ാം തീയതി മുതൽ മുൻകൂട്ടി നോട്ടീസ് നൽകാതെ അടച്ചുപൂട്ടുമെന്നും, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവർ അറിയിച്ചു. വ്യാജ ഹെൽത്ത് കാർഡ് നൽകുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു
Nadapuram Panchayat makes health fitness certificate mandatory for guest workers








































