കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചി മത്സ്യമാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന മലഞ്ചരക്ക് കടയിൽനിന്ന് പട്ടാപ്പകൽ ഒന്നര ലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം.
ടി.വി.കെ. കുഞ്ഞമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുഞ്ഞമ്മദ് ഹാജി നമസ്‌കാരത്തിനായി പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം.
മേശ പൂട്ടി താക്കോൽ കൈവശം വെച്ചാണ് അദ്ദേഹം പോയതെങ്കിലും, തിരിച്ചെത്തിയപ്പോൾ മേശ തുറന്നു കിടക്കുന്നതാണ് കണ്ടത്. 500 രൂപയുടെ കെട്ടുകളായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. പള്ളിയിൽ പോകുന്ന സമയം കടയുടെ ഷട്ടർ താഴ്ത്തിയിരുന്നെങ്കിലും പൂട്ടിയിരുന്നില്ല.
ഈ അവസരം മുതലെടുത്ത മോഷ്ടാവ്, കടയ്ക്കുള്ളിൽ കയറി അവിടെ തന്നെയുണ്ടായിരുന്ന അടയ്ക്ക വെട്ടുന്ന മെഷീൻ ഉപയോഗിച്ച് മേശ കുത്തിത്തുറന്നതായാണ് പ്രാഥമിക നിഗമനം.

സംഭവമറിഞ്ഞ് നാദാപുരം പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ഈ സ്ഥാപനത്തിൽ ഇതാദ്യമായല്ല മോഷണം നടക്കുന്നത് എന്നത് വ്യാപാരികളെ ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ മാസം 23-ന് പെരുന്നാൾ അവധിക്ക് ശേഷം കട തുറന്നപ്പോൾ ഒരു ചാക്ക് കുരുമുളക് മോഷണം പോയതായി കണ്ടെത്തിയിരുന്നു. കൂടാതെ, നാല് വർഷം മുൻപും ഉടമ പുറത്തുപോയ തക്കം നോക്കി ഒരു ലക്ഷം രൂപ സമാന രീതിയിൽ കവർന്നിരുന്നു.
മുൻപ് നടന്ന മോഷണങ്ങളിൽ പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ, പുതിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Investigation intensifies into Kallachi robbery










































