അരൂർ: (nadapuram.truevisionnews.com) തണ്ണീർപ്പന്തൽ-ഇളയടം-അരൂർ മെയിൻ റോഡിലെ ഉദയ ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ട്രാൻസ്‌ഫോർമർ യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ അപകടഭീഷണിയുയർത്തുന്നു.
റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയായതോടെ ട്രാൻസ്‌ഫോർമർ താങ്ങിനിർത്തുന്ന ഇരുമ്പ് പോസ്റ്റുകൾ റോഡിലേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലാണുള്ളത്. ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഈ പോസ്റ്റുകൾ വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നാട്ടുകാർ പലതവണ ആയഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്. നിലവിൽ അപകടസാധ്യത മുന്നിൽക്കണ്ട് നാട്ടുകാർ തന്നെ പോസ്റ്റുകളിൽ ടയറുകൾ കെട്ടിയിട്ടാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നത്.
തിരക്കേറിയ ഈ റോഡിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ വലിയ അപകടങ്ങൾക്ക് ഇത് കാരണമായേക്കാമെന്ന ആശങ്കയിലാണ് പ്രദേശം. എത്രയും വേഗം അധികൃതർ ഇടപെട്ട് ട്രാൻസ്‌ഫോർമർ പോസ്റ്റുകൾ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Transformer protruding onto road in Aroor poses threat



































