എടച്ചേരി :(nadapuram.truevisionnews.com) എഴുത്തുകാരനും നാടക പ്രവർത്തകനും ഇടതുപക്ഷ രാഷ്‌ട്രീയ നേതാവുമായിരുന്ന കെ എസ് ബിമലിൻ്റെ ഓർമയിൽ എടച്ചേരിയിൽ നിർമിച്ച ബിമൽ സാംസ്‌കാരിക ഗ്രാമം ഏപ്രിൽ 26 ന് ഞായറാഴ്ച പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. വേങ്ങോളിയിൽ വടകര - മാഹി കനാലിന് സമീപം ആദ്യഘട്ടം പണി പൂർത്തിയായ ബിമൽ സാംസ്‌കാരിക ഗ്രാമത്തിൻ്റെ ഉദ്ഘാടനം വൈകീട്ട് 6 മണിക്ക് പ്രശസ്ത കവി സച്ചിദാനന്ദനാണ് നിർവഹിക്കുന്നത്.
ഡോ. ഖദീജാ മുംതസ്, വീരാൻ കുട്ടി, ഡോ. കെ വി സജയ് എന്നിവർ പങ്കെടുക്കും. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മനോജ് നാരായണനെ സാംസ്‌കാരിക ഗ്രാമം ആദരിക്കും. നന്ത്യാട്ട് കുന്നം നാടക അരങ്ങ് അവതരിപ്പിക്കുന്ന " ചാപ്പ" എന്ന നാടകവും അരങ്ങേറും. ഉദ്ഘാടന ദിവസം ബിമൽ സ്മരണയുടെ ഭാഗമായി വിവിധ വർഷങ്ങളിലായി നടത്തിയ പരിപാടികളുടെ ഫോട്ടോ എക്സിബിഷനും നടക്കും.
ലോക പ്രശസ്‌ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തതും ശ്രദ്ധേയമായ നിരവധി നാടകങ്ങൾ അരങ്ങേറിയതുമായ ഓപ്പൺ സ്റ്റേജിലാണ് ഉദ്ഘാടനം നടക്കുക. കുട്ടികളുടെ മിനി പാർക്ക്, മിനി ഹാൾ, ഒത്തുചേരലുകൾക്കുള്ള ഇടങ്ങൾ, കഫെറ്റേറിയ എന്നിവയാണ് ആദ്യഘട്ടത്തിൽ ബിമൽ സാംസ്‌കാരിക ഗ്രാമത്തിൽ ലഭ്യമായ സൗകര്യങ്ങൾ. ചിത്രമെഴുത്തിലും സംഗീതത്തിലും ഉള്ള പരിശീലനങ്ങളും കളരി , ഐസ്ക്രീം ഹൗസ് എന്നിവയും ഉടൻ ആരംഭിക്കും.
നാടകവും നാടൻ കലകളിൽ അധിഷ്‌ഠിതമായ അരങ്ങുരൂപങ്ങളും മറ്റ് കലാപ്രകടനങ്ങൾക്കും ഉചിതമായ തരത്തിൽ ഏറ്റവും ആധുനികവും ദീർഘവീക്ഷണത്തോടെയുമുള്ള ഒരു ഓപ്പൺസ്റ്റേജും വിവിധ തിയേറ്റർ ഇടപെടലുകൾക്കായുള്ള പരിശീലന- അവതരണ ഇടങ്ങളും ചിത്ര,നൃത്ത കലകളുടെ പരിശീലന ക്ലാസ്സുകളും ലൈബ്രറി യും താമസ സൗകര്യങ്ങളും ഓഡിറ്റോറിയവും ചെറിയ പാർക്കും കഫേകളും ഉൾപ്പെടെ ക്രിയാത്മകമായ ഒത്തുചേരലുകൾക്കും പഠനത്തിനുമുള്ള ഇടമായാണ് ബിമൽ സാംസ്കാരികഗ്രാമം വിഭാവനം ചെയ്തത്.
Bimal Cultural Village to be opened to the public tomorrow



































