നാദാപുരം : (https://nadapuram.truevisionnews.com/) കടുത്ത വേനൽ ചൂടിൽ വെന്തുരുകി കേരളം ദാഹിച്ച് വലയുമ്പോൾ വാണിമേൽ പുഴയിൽ കേരള വാട്ടർ അതോറിറ്റിയുടെ ജലവിതരണക്കുഴലിലെ വാൾവ് പൊട്ടിത്തെറിച്ചു. പ്രളയം കണക്കെ പുഴയിൽ ജലം കുത്തി ഒഴുകിയപ്പോൾ പാഴായത് ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളം.
രണ്ട് പഞ്ചായത്തുകളുടെ പതിനായിരത്തോളം വീടുകളിലേക്കുള്ള കുടിവെള്ള വിതരണം താറുമാറായി. ജലവിതരണ സംവിധാനത്തിലെ അറ്റകുറ്റപണിക്കിടെ കരാറ്കാരനും ഉദ്യോഗസ്ഥർക്കും സംഭവിച്ച ഗുരുതരമായ ജാഗ്രത പിഴവാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വാണിമേൽ പുഴയിൽ താഴെ നരിപ്പറ്റ പാലത്തിന് സമീപം വൻ സ്ഫോടന ശബ്‌ദത്തോടെ പൈപ്പ് ലൈൻ പൊട്ടി പ്രളയം കണക്കെ പുഴയിൽ വെള്ളം കുത്തി ഒലിച്ചത്.
ഏറെ നേരത്തിന് ശേഷം നരിപ്പറ്റ ഭാഗത്തുള്ള വാൾവുകൾ അടച്ചാണ് ജലവിതാനം നിയന്ത്രിച്ചത്. വാണിമേൽ , വളയം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം പൂർണമായും നിലച്ചു. വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തമുണ്ടായപ്പോൾ ഒഴുകിയെത്തിയ പാറ കൂട്ടവും മരങ്ങളും തട്ടി പുഴയുടെ അടിയിലൂടെ വലിച്ച വാർട്ടർ അതോറിറ്റിയുടെ രണ്ട് പൈപ്പ് ലൈനുകളിൽ ഒന്ന് ഒലിച്ച് പോകുകയും മറ്റൊന്നു തകരാറാവുകയും ചെയ്തിരുന്നു.
അന്ന് പുഴയിലെ വെള്ളം തെളിഞ്ഞ ഉടൻ വാട്ടർ അതോറിറ്റി ജീവനക്കാർ ഒരു ലൈൻ അടിയന്തിര അറ്റകുറ്റപണി നടത്തി പുന:സ്ഥാപിച്ചു. പുഴയിൽ ജലവിതാനം കുറഞ്ഞതോടെ കഴിഞ്ഞ നാല് ദിവസമായി പൈപ്പ്ലൈനുകളിൽ ഒന്ന് പൂർണമായും മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടത്തിയിരുന്നു. ഒമ്പതര ലക്ഷത്തോളം രൂപ ചിലവിലായിരുന്നു കരാർ നൽകിയത്. ഇതിൻ്റെ ഭാഗമായി രണ്ട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം നിർത്തിയിരുന്നു.

ഉപഭോക്താക്കളുടെ സമ്മർദ്ദം കണക്കിലെടുത്ത് ആവശ്യത്തിന് സമയം നൽകാതെ പൊടുന്നനെ വെള്ളം തുറന്ന് വിട്ടതാണ് ഈ പൊട്ടിത്തെറിക്ക് കാരണം എന്നാണ് വിലയിരുത്തൽ. പൈപ്പ് ലൈൻ പൊട്ടിയില്ലെന്നുo റബർ ബുഷുകൾ ഇളകി മാറിയതാണ് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അറ്റകുറ്റപണി അടിയന്തിരമായി നടത്തി നാളെ തന്നെ ജലവിതരണം പുന:രാരംഭിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
നാദാപുരം, തൂണേരി , വളയം, വാണിമേൽ, നരിപ്പറ്റ, കായക്കൊടി, കുന്നുമ്മൽ എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ശുദ്ധജലവിതരണം ചെയ്യുന്ന കുന്നുമ്മൽ അഡ്ജ്മെന്റ് പദ്ധതി തുടക്കകാലത്ത് തന്നെ നിരവധി പരാതികൾ ഉയർന്നു വന്നതാണ്. പദ്ധതി ജലവിതരണം ആരംഭിക്കുന്നതിനു മുന്നേ തന്നെ കരാറുകാർ പണി അവസാനിപ്പിച്ച് കരാർ തുകയുമായി സ്ഥലം കാലിയാക്കിയിരുന്നു. ജലവിതരണം ആരംഭിച്ചതോടുകൂടി പൈപ്പ് പൊട്ടലുകളുടെ പ്രളയമായിരുന്നു.
വളയം വാണിമേൽ പഞ്ചായത്തുകളിലെ 500 ൽ താഴെ വീടുകൾക്ക് മാത്രമായിരുന്നു പ്രസ്തുത പദ്ധതി പ്രകാരം ഗുണഭോക്താക്കൾ. എന്നാൽ ജലജീവൻ പദ്ധതി ആരംഭിച്ചതോടെ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഗുണഭോക്താക്കളായി മാറി. എന്നാൽ അതിനനുസരിച്ച് വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ ഒന്നും കൊണ്ടുവന്നില്ല. അതുകൊണ്ടുതന്നെ ആവശ്യത്തിന് കുടിവെള്ളം എല്ലാവർക്കും ലഭിക്കാതെയായി. പ്രത്യേകിച്ച് ഉയർന്ന പ്രദേശത്തുകാർക്ക്.
ഇതിനിടയിലാണ് വളയം വാണിമേൽ പഞ്ചായത്തിലേക്ക് വിതരണം ചെയ്യുന്ന പമ്പിങ് ലൈൻ വാണിമേൽ പുഴയിൽ കുറുകെ ഇട്ടിരുന്ന പൈപ്പ് രണ്ടെണ്ണത്തിൽ ഒന്ന് കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോവുകയും മറ്റൊന്നിന് തകരാർ സംഭവിക്കുകയും ചെയ്തത്.
Valve burst; Kuttiadi river water flowed into Vanimel river; lakhs of liters of drinking water were wasted











































