Apr 28, 2026 04:52 PM

നാദാപുരം: (nadapuram.truevisionnews.com) വാണിമേൽ പുഴയിലെ പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ പൂർത്തിയായതായും വളയം, വാണിമേൽ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം ഇന്ന് മുതൽ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

കടുത്ത വേനൽചൂടിനിടെ ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴാകാനിടയായ അപകടത്തിന് പിന്നാലെ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് പമ്പിങ് സാധാരണ നിലയിലാകുന്നത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വാണിമേൽ പുഴയിൽ താഴെ നരിപ്പറ്റ പാലത്തിന് സമീപം വൻ സ്ഫോടന ശബ്ദത്തോടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം കുത്തിയൊലിച്ചത്.

ഇതോടെ പത്തായിരത്തോളം വീടുകളിലേക്കുള്ള ജലവിതരണം പൂർണ്ണമായും നിലച്ചിരുന്നു. ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് അപകടകാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

വിലങ്ങാട് ഉരുൾപൊട്ടൽ സമയത്ത് ഒലിച്ചുവന്ന പാറക്കൂട്ടങ്ങളും മരങ്ങളും തട്ടി പുഴയുടെ അടിയിലൂടെയുള്ള പൈപ്പ് ലൈനുകൾ നേരത്തെ തകർന്നിരുന്നു. തുടർന്ന് പുഴയിൽ ജലനിരപ്പ് കുറഞ്ഞ സാഹചര്യം മുതലെടുത്ത് കഴിഞ്ഞ നാല് ദിവസമായി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നു വരികയായിരുന്നു.

ഇതിനിടെ വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ സമ്മർദ്ദമാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ കാരണമായത്. നിലവിൽ രണ്ട് പൈപ്പ് ലൈനുകളിൽ ഒന്ന് പൂർണ്ണമായും പ്രവർത്തനസജ്ജമാക്കിയതോടെയാണ് കുടിവെള്ള വിതരണം സാധ്യമാകുന്നത്.

ഇന്ന് മുതൽ വളയം, വാണിമേൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പിങ് ഉണ്ടാകുമെന്നും ജലക്ഷാമത്തിന് ഉടൻ പരിഹാരമാകുമെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.

Pipeline repair in Vanimele River completed

Next TV

Top Stories










Entertainment News